Latest Updates

ചെണ്ടുമല്ലിയിൽ നിന്ന് പാൻസി വരെ ... ശൈത്യകാലം പൂക്കളാല്‍ നിറയ്ക്കാം


ഇനിയുള്ള  മാസങ്ങൾ ശൈത്യകാല പൂക്കളും, സുഗന്ധച്ചെടികളും, ഫലവർഗ്ഗങ്ങളും നന്നായി വളരുന്ന കാലയളവാണ്. ചെണ്ടുമല്ലി, പെറ്റ്യൂനിയ, കാലൻഡുല, പാൻസി തുടങ്ങിയ പാരമ്പര്യ പൂക്കളും, സ്ട്രോബെറി പോലുള്ള ഫലച്ചെടികളും വീട്ടുമുറ്റം  വിശേഷാൽ മനോഹരമാക്കും.

ഈ സമയത്ത് നട്ട് വളര്‍ത്താന്‍ പറ്റുന്ന ഏതാനും ചെടികളെ പരിചയപ്പെടാം.

1. ചെണ്ടുമല്ലി

ഇവയുടെ വിത്തുകൾ നേരിട്ട് ഗ്രോ ബാഗ് / ചട്ടി /ട്രേയിലോ വിതയ്ക്കാം. 6–8 ദിവസം കൊണ്ട് മുളക്കും. വിത്തു മുളവന്നതിനു ശേഷം മണൽ, മണ്ണ് വേർമികമ്പോസ്റ്റ്/ചാണകവളം സമിശ്രം നിറച്ച ഗ്രോ ബാഗ് / ചട്ടിയിൽ നടാവുന്നതാണ്.

 വളർച്ചാ പരിപാലനം:

- 15 ദിവസം കഴിഞ്ഞാൽ വേർമികമ്പോസ്റ്റ് കൊടുക്കുക.

- 30 ദിവസം കഴിഞ്ഞാൽ എല്ലു പൊടി+ ചാരം ചെറിയ അളവിൽ.

കീടം വന്നാൽ വേപ്പെണ്ണ എമല്‍ഷന്‍ സ്പ്രേ ചെയ്യാം., പൂക്കൾ തുടർച്ചയായി വരാൻ വാടിയ പൂക്കൾ നീക്കം ചെയ്യുക.

 2. പെറ്റൂനിയ

വളരെ ചെറിയ വിത്തുകൾ ആണിവയുടെ. അതുകൊണ്ടുതന്നെ ഇവ ഒരു ട്രേയിൽ കോക്കോപീറ്റ് + മണൽ + കമ്പോസ്റ്റ് മിശ്രിതത്തിൽ വിതറുക. നേരിയ മണ്ണ്/കോക്കോപീറ്റ് കൊണ്ട് മാത്രം മൂടുക.

7–10 ദിവസം കൊണ്ട് മുളക്കും. മുളച്ചതിനു ശേഷം തൈയ്യ്കൾ മണൽ ,കോക്കോപീറ്റ് ,വേർമികമ്പോസ്റ്റ് സമിശ്രം നിറച്ച ഗ്രോ ബാഗ് ചട്ടിയിൽ നടാവുന്നതാണ്. നല്ലതുപോലെ വെള്ളം വാർന്നു പോകുന്ന തരത്തിൽ ആയിരിക്കണം ഗ്രോ ബാഗ്/ ചട്ടികൾ.

വളർച്ചാ പരിപാലനം:

-  ആഴ്ചയിലൊരിക്കൽ ദ്രാവക വളം (ജീവാമൃതം, ഫിഷ് അമിനോ ആസിഡ്) നല്‍കാം.

- പൂക്കാനൊരുങ്ങുമ്പോൾ പൊട്ടാഷ് കൂടുതലുള്ള വളം കൊടുക്കുക.

- പൂക്കൾ വലുതാവാന്‍ പിഞ്ചിംഗ്  (pinching)  (ഇലയുടെ മുകളിൽ നുള്ളി വിടുന്ന രീതി ) ചെയ്യാം.

 3. കലെണ്ടുല 

വിത്ത് നേരിട്ട് ചട്ടിയിലോ, മൺതിട്ടയിലോ വിതയ്ക്കാം. 5–7 ദിവസം കൊണ്ട് മുളക്കും.

വിത്തു മുളവന്നതിനു ശേഷം മണൽ, നാട്ടുമണ്ണ് വേർമികമ്പോസ്റ്റ് സമിശ്രം നിറച്ച ഗ്രോ ബാഗ് / ചട്ടിയിൽ നടാവുന്നതാണ്.

4–6 മണിക്കൂർ സൂര്യപ്രകാശം നല്ലതുപോലെ കിട്ടുന്നയിടത്തു വയ്ക്കാവുന്നതാണ്.

 വളർച്ചാ പരിപാലനം:

- ആഴ്ചയ്ക്കൊരിക്കൽ വേർമികമ്പോസ്റ്റ് / എല്ലുപൊടി.

പൂക്കാനൊരുങ്ങുമ്പോൾ ചാരം, പഴത്തൊലി വളമായി കൊടുക്കുക.

വാടിയ പൂക്കൾ നീക്കം ചെയ്താൽ കൂടുതൽ പൂക്കൾ ഉണ്ടാവുന്നതാണ്.

4. പാന്‍സി

വളരെ മനോഹരമായ പാന്‍സി ചെടി തണുപ്പ്കാലത്ത് പൂക്കുന്ന അലങ്കാര ചെടികളില്‍  പ്രധാനമാണ്.വ്യത്യസ്തമായ നിറത്തിലുള്ള  പൂക്കൾ കാരണം ബാൽകണി, ചട്ടികൾ, ചെറിയ പൂന്തോട്ടം എന്നിവയ്ക്കു വളരെ അനുയോജ്യമാണ് .

വിത്തുകൾ ട്രേ-യിൽ കോക്കോപീറ്റ് + മണൽ + കമ്പോസ്റ്റ് മിശ്രിതം അടങ്ങിയവയിൽ വിതറിയ ശേഷം നേരിയ കോക്കോപീറ്റ് കൊണ്ട് മൂടുക. മുളയ്ക്കാൻ 7–15 ദിവസം വരെ എടുക്കും. 

വിത്തുകള്‍ വളരെ ചെറുതാണ്, സ്പ്രേ ബോട്ടിലുകൾ ഉപയോഗിച്ച് ലഘുവായി വെള്ളം കൊടുക്കുക. തൈകൾ 4–5 cm ഉയരത്തിൽ എത്തുമ്പോൾ മാറ്റി നടാവുന്നതാണ്.

വളർച്ചാ പരിപാലനം:

- ആഴ്ചയ്ക്കൊരിക്കൽ ദ്രാവക വളങ്ങൾ (പഞ്ചഗവ്യം/ ജീവാമൃതം) നൽകുക.

- പൂക്കാനൊരുങ്ങുമ്പോൾ പൊട്ടാഷ് വളം കൊടുക്കുക. 

- നൈട്രജൻ വളം ഒഴിവാക്കുക ഇവ ഇലകൾ കൂടുതൽ ഉണ്ടാകുവാനും, പൂക്കൾ കുറയുവാനും കാരണമാകും.

 - ആഴ്ചയ്ക്കൊരിക്കൽ വേപ്പെണ്ണ തളിച്ചു കൊടുക്കുക. ചെടികൾക്ക് ചുറ്റും നല്ല വായുസഞ്ചാരം ഉണ്ടാവണം.

- തണുത്ത കാലാവസ്ഥയിൽ 2–3 മാസം വരെ പൂക്കൾ തുടരും. രാവിലെ വെള്ളം ഒഴിക്കുന്നത് നല്ലത്;  ഫംഗസ് പ്രശ്നങ്ങൾ ഒഴിവാക്കാൻ വൈകുന്നേരം വെള്ളം ഒഴിക്കാതിരിക്കുക.

ഈ ശൈത്യകാലം നിങ്ങളുടെ വീടുകള്‍ പൂക്കളാല്‍ നിറയട്ടെ. കൂടുതല്‍ ചെടികളെ കുറിച്ചുള്ള അറിവുകള്‍ ലഭിക്കുവാന്‍ നമ്മുടെ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/LobXj5o1hCt4aAga0zWCGu?mode=ems_copy_t

No comments