Latest Updates

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത്‌ പത്തുമണി ചെടികള്‍ നശിച്ചു പോവില്ല .

 പത്തുമണി ചെടികള്‍ കൂടുതലായി നശിച്ചു പോവുന്നത് മഴക്കാലത്താണ്. പലപ്പോഴും വെള്ളം കൂടുതല്‍ കെട്ടി കിടന്നു വേര് ചീയലും തണ്ട്‌ ചീയലും സംഭവിക്കുന്നത്‌  കൊണ്ടാണ് ചെടികള്‍ നശിക്കുന്നത്.  ഇങ്ങിനെയുള്ള അവസരത്തില്‍ ചെടിച്ചട്ടികളില്‍ വെള്ളം കെട്ടി കിടക്കില്ല എന്നുറപ്പ് വരുത്തേണ്ടതാണ് .

മറ്റൊരു രോഗം ഫംഗസ് ബാധയാണ്. ഏതെങ്കിലും തണ്ടില്‍ പൂപ്പല്‍ പോലെയുള്ളവ കണ്ടാല്‍ ആ തണ്ട് ചുവടെ മുറിച്ചു മാറ്റി നശിപിച്ചു കളയുക . പ്രത്യേകം ഓര്‍ക്കേണ്ട കാര്യം മഴകാലത്ത് പച്ച ചാണകം പത്തുമണി ചെടികളുടെ ചുവട്ടില്‍ ഇടരുത് . അത് ഫംഗസ് ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നതാണ്.

അതുപോലെ തന്നെ കടലപിണ്ണാക്കോ, വേപ്പിന്‍ പിണ്ണാക്കോ ഇടുന്നുവെങ്കില്‍ അതില്‍ പൂപ്പല്‍ ഇല്ലാന്ന് ഉറപ്പു വരുത്തണം .അതുപോലെ തന്നെ ഇവയൊന്നും ചെടിയുടെ തണ്ടില്‍ മുട്ടിച്ചിടരുത്.



മഴക്കാലത്ത് സ്വാഭാവികമായും പത്തുമണി ചെടിയില്‍ പൂക്കള്‍ കുറവായിരിക്കും. ഈ സമയത്ത് പ്രുണിംഗ്  ( മുറിച്ചു വിടല്‍ ) നടത്താന്‍ ഏറ്റവും അനുയോജ്യമാണ്. രണ്ടിഞ്ച് നീളത്തില്‍ തണ്ടുകള്‍ മുറിച്ചു വിട്ടതിനു  ശേഷം   കല്ലുകള്‍ നീക്കം ചെയ്ത പച്ചമണ്ണ് ചെടിച്ചട്ടിയില്‍  കൂട്ടി കൊടുത്താല്‍ പുതിയ ശിഖരങ്ങള്‍ ഉണ്ടായി അവ തഴച്ച് വളരും.

മുറിച്ചെടുക്കുന്നതില്‍ ആരോഗ്യമുള്ള  തണ്ടുകള്‍ വീണ്ടും നടാവുന്നതാണ്. മഴക്കാലത്ത്‌ പുതിയ ചട്ടികളില്‍ മണ്ണും വളവും നിറച്ച്  പത്തുമണി ചെടികള്‍ നടാവുന്നതാണ്. തീരെ ശോഷിച്ച ചെടികള്‍ ഉണ്ടെങ്കില്‍ അവ പറിച്ചു മാറ്റി പുതിയ തണ്ടുകള്‍ നടുക.

നല്ലതു പോലെ വെയില്‍ കിട്ടുന്ന സ്ഥലങ്ങളിലേയ്ക്ക് ചെടിച്ചട്ടികള്‍  മാറ്റി വെച്ചാല്‍ വെള്ളം കൂടുതല്‍ കെട്ടി കിടക്കുനതും പൂപ്പല്‍ ബാധയും ഒരു പരിധിവരെ തടയാവുന്നതാണ് .‌
ചെടികളെ  ഇഷ്ടപെടുന്നവരിലേയ്ക്ക് ദയവായി ഈ അറിവുകള്‍ പങ്കുവെക്കുക
#പത്തുമണി ചെടി

No comments