Latest Updates

ഏറ്റവും നല്ല ജൈവവളമായ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നത് ഇങ്ങിനെയാണ്‌


സസ്യങ്ങളുടെ വളര്‍ച്ചയ്ക്കും പുഷ്പ്പിക്കുന്നതിനും കായ് പിടിക്കുനതിനും ആവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയ സമ്പൂര്‍ണ്ണജൈവ വളമാണ്അഥവാ വെര്‍മി കമ്പോസ്റ്റ്.

രണ്ടു ഇനത്തിലുള്ള മണ്ണിരകള്‍ ആണ് കമ്പോസ്റ്റ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുനത് . യൂഡ്രിലസ് യൂജീനയും ഐസീനസ് ഫെറ്റിഡയും. ഇതില്‍   യൂഡ്രിലസ് യൂജീനയാണ് നമ്മുടെ കാലാവസ്ഥയില്‍ വളര്‍ത്തുവാന്‍ അനുയോജ്യം . ആഫ്രിക്കന്‍ മണ്ണിര എന്നും ഇവയെ സാധാരണയായി വിളിക്കുന്നു.


മണ്ണിര എന്നാണ് പറയുന്നതെങ്കിലും ഇവ മണ്ണില്‍ ജീവിക്കില്ല . അഴുകുന്ന ജൈവ മാലിന്യങ്ങളിലാണ് ഇവ ജീവിക്കുനത് . ഇവയുടെ ആഹാരവും ഈ ജൈവ മാലിന്യങ്ങള്‍ തന്നെ. ഇവ  ഭക്ഷിച്ച് പുറംതള്ളുന്ന കാഷ്ട്ടമാണ് ഏറ്റവും മൂല്യമുള്ള കമ്പോസ്റ്റായി ലഭിക്കുന്നത്.

മണ്ണിര കംബോസ്റ്റിങ്ങിന്റെ ഏറ്റവും വലിയ ഗുണം,  മറ്റുള്ള കംബോസ്റ്റിനെ അപേക്ഷിച്ച് മണം ഇല്ല എന്നുള്ളതും  അവയെക്കാള്‍ ഇരട്ടി പോഷകങ്ങളും, നിര്‍മ്മിക്കുവാന്‍ സമയം കുറവ് മതി എന്നുള്ളതുമാണ്.


കൂടുതല്‍ വളം ലഭിക്കുവാനായിട്ടു  കമ്പോസ്റ്റ് പ്ലാന്റ് നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്.  കുറഞ്ഞത്‌ 5 അടി നീളം, 3 അടി വീതി, 2.5 അടി പൊക്കവും ഉള്ള ടാങ്ക് ഉണ്ടാക്കുക .അടിയില്‍ പുറത്തേക്ക് ഒരു പൈപ്പും ഇടുക. മുകളില്‍ മഴയും വെയിലും കൊള്ളാത്ത മേല്‍ക്കൂരയും വേണം. പുതിയതായി ഉണ്ടാക്കുന്ന ടാങ്ക് ആണെങ്കില്‍ വെള്ളം ഒഴിച്ച് സിമന്റ് പുളിപ്പ് കളയണം . ശേഷം വെള്ളം വലിഞ്ഞ ചാണകം ആദ്യ അടുക്കായി 2 ഇഞ്ച്‌ കനത്തില്‍ ഇടുക. അതിനു മുകളില്‍ അഴുകുന്ന ജൈവ മാലിന്യങ്ങള്‍ നിറയ്ക്കാം.

കൂടുതല്‍ അളവും വളരെ വേഗത്തിലും കമ്പോസ്റ്റ് ലഭിക്കുവാനായി സാധാരണയായി വാഴപ്പിണ്ടി ചെറുതായി അരിഞ്ഞു നിറയ്ക്കുകയാണ് പതിവ്. അരയടി കനത്തില്‍ വാഴപ്പിണ്ടി നിറച്ച ശേഷം വീണ്ടും ഒരു അടുക്ക് ചാണകം നിറയ്ക്കുക. ടാങ്ക് അരയടിക്ക് താഴെ നിറയുന്നതുവരെ ഇതുപോലെ ചെയ്യുക. അതിനു മുകളില്‍ ചെറിയ നെറ്റ് ഇടുനത് കോഴി,എലി തുടങ്ങിയവ കേറാതിരിക്കാന്‍ സഹായിക്കും .

ഒന്നിടവിട്ട ദിവസങ്ങളില്‍  ചെറുതായി നനച്ചു കൊടുക്കുക . 10 - 15 ദിവസങ്ങള്‍ കൊണ്ട് വാഴപ്പിണ്ടി അഴുകാന്‍ തുടങ്ങുനത് കാണാം. ഇങ്ങിനെ അഴുകി തുടങ്ങുന്ന സമയത്ത് മണ്ണിര അടങ്ങിയ "വേം ബെഡ് "  ടാങ്കിന്റെ ഒരു മൂലയില്‍ അടിയിലേയ്ക്ക് ഇറക്കി വെച്ചു മൂടുക. മുന്‍പൊക്കെ മണ്ണിര കുറച്ചു എണ്ണം വാങ്ങി നിക്ഷേപിക്കുകയായിരുന്നു പതിവ്. പക്ഷെ ഇങ്ങിനെ ഇടുമ്പോള്‍ മണ്ണിര വളര്‍ന്നു കുഞ്ഞുങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പില്ല . അപ്പോള്‍ പലതവണ മണ്ണിരകളെ വാങ്ങി നിക്ഷേപിക്കേണ്ടി വരും .

അതിനാലാണ് ഇപ്പോള്‍ "വേം ബെഡ് " തയാറാക്കി നിക്ഷേപിക്കുനത്. ഇതില്‍ പല പ്രായത്തിലുള്ള മണ്ണിരകളും അവയുടെ മുട്ടകളും അടങ്ങിയിരിക്കുനതിനാല്‍ എളുപ്പത്തില്‍ വളര്‍ന്നു പെരുകുന്നതാണ്. എത്രത്തോളം മണ്ണിരകള്‍ ടാങ്കില്‍ ഉണ്ടോ, അത്രയും വേഗത്തില്‍ നല്ല ഗുണമേന്മയുള്ള കമ്പോസ്റ്റ് ലഭിക്കും.

 നിറയ്ക്കുന്ന വസ്തുക്കളെ ആശ്രയിച്ചു  40 - 90 ദിവസങ്ങള്‍ക്കൊണ്ട് കമ്പോസ്റ്റ് തയാറാകും . ഇടയ്ക്കിടെ ചെറുതായി നനച്ചു താപനില കൂടാതെ ശ്രദ്ധിക്കണം .  ഇളക്കിയിട്ട്    ഒരു വശത്തേയ്ക്ക് കൂന കൂട്ടി മുകള്‍ ഭാഗത്തുള്ള കമ്പോസ്റ്റ് വാരി അരിച്ചു ഉപയോഗിക്കാം. ഇതേ സമയത്ത് മറു വശത്ത് ടാങ്ക് നിറച്ച് തുടങ്ങണം 100 കിലോ നിറച്ചാല്‍ അതില്‍ നിന്ന് ശരാശരി  10- 15 കിലോ മണ്ണിരകമ്പോസ്റ്റാണ് ലഭിക്കുക . നിലവില്‍ വിപണിയില്‍ മണ്ണിര കമ്പോസ്റ്റിന് കിലോയ്ക്ക് 20 മുതല്‍ 30 രൂപ വരെ വിലയുണ്ട് .

വേം ബെഡ് തയാറാക്കുന്നതും , ഫ്ലാറ്റുകളിലും വീടുകളിലും   അടുക്കളമാലിന്യം മണ്ണിരകമ്പോസ്റ്റാക്കാനുള്ള ചെറിയ എടുത്തു മാറ്റാവുന്ന  യുണിറ്റ് നിര്‍മ്മിക്കുന്നത് എങ്ങിനെയെന്നുള്ളതും തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വരുന്നതാണ്. ദയവായി ഫോളോ ചെയ്യുക.  

No comments