Latest Updates

പുഷ്പമേളകളിൽ നിന്ന് വാങ്ങുന്ന റോസചെടികൾ വളരാത്തതിന്ടെ കാരണം ഇതാണ്




പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നേര്സറികളില്‍ നിന്നും പുഷ്പ്പമേളകളില്‍ നിന്നും നിറയെ പൂത്തു നില്‍ക്കുന്ന റോസ് ചെടികള്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നു നട്ട്, കുറച്ചു നാള്‍ കഴിയുമ്പോള്‍ വളര്‍ച്ച മുരടിച്ചു പൂക്കള്‍ ഒന്നും ഇടാതാവുന്നു എന്നുള്ളത് .ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വര്ഷം മുഴുവന്‍ പൂത്തു നില്‍ക്കുന്ന രീതിയില്‍ റോസ് വളര്‍ത്തിയെടുക്കാം.

കേരളത്തില്‍ മിക്കവാറും ജില്ലകളില്‍ പുഷ്പമേള നടക്കുന്നത് ഡിസംബര്‍,ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ്. ഈ മഞ്ഞുകാലം റോസ് മാത്രമല്ല, മിക്ക ചെടികളും നിറയെ പുഷ്പിക്കുന്ന സമയമാണ്. ആ സമയത്ത് വില്പനയ്ക്ക് വെച്ചിരിക്കുന്ന, നിറയെ പൂത്ത് നില്‍ക്കുന്ന  ചെടികള്‍ കണ്ട്    ആകൃഷ്ട്ടരായി  മിക്കവരും  വാങ്ങും.  വീട്ടില്‍ കൊണ്ടുപോയി ഒരു മാസം നല്ല പരിചരണം ആവും. പിന്നെ തഥൈവ ....... !

ഓര്‍ക്കേണ്ട കാര്യം, നേര്സറികളിലും പുഷ്പമേളകളിലും എത്തുന്ന ചെടികള്‍ക്ക് നല്ല പരിചരണം ലഭിക്കുന്നവയാണ് . വളര്‍ച്ചയ്ക്കും പുഷ്പിക്കാനും ആവശ്യമുള്ള എല്ലാ വളങ്ങളും ചെടിച്ചട്ടിയില്‍ ഉണ്ടാവും . അതിന്റെ കരുത്തില്‍ ഒന്നോ രണ്ടോ മാസം ഇവ വളരുകയും പൂക്കുകയും ചെയ്യും. തുടര്‍ന്ന് ഈ വളങ്ങളും പരിചരണവും നമ്മള്‍ കൃത്യമായി    ചെയ്യേണ്ടതാണ് . അങ്ങിനെ തുടര്‍ന്ന് ചെയ്‌താല്‍ മാത്രമേ  വര്‍ഷങ്ങളോളം ഈ റോസ് ചെടികള്‍  നിലനില്‍ക്കുകയുള്ളൂ .

റോസിന് വളര്‍ച്ചയ്ക്കും പുഷ്പ്പിക്കാനും വളരെ പ്രധാനപ്പെട്ട ഒരു കാര്യം കമ്പ് കോതലാണ്. വാങ്ങുമ്പോള്‍ ഉള്ള പൂക്കള്‍ കൊഴിയാന്‍ തുടങ്ങുന്ന സമയത്ത് തന്നെ ആ കമ്പ് വൃത്തിയുള്ള കത്തി കൊണ്ട് പകുതി ഭാഗം ചായ്ച്ചു മുറിച്ചു കളയുക . ഉണങ്ങി പോവാതിരിക്കാന്‍   മുറിച്ചിടത്തു കുമിള്‍നാശിനി പുരട്ടുവാന്‍ മറക്കരുത്.

വളമായി റോസ് മിക്സ്ച്ചറും , ഉണങ്ങിയ ചാണകപ്പൊടിയും, മണ്ണിര കമ്പോസ്റ്റും  നല്‍കാം . എല്ല് പൊടി റോസിന്റെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്
ചുവട്ടില്‍ നിന്നും മാറി മണ്ണ് ചെറുതായി മാറ്റി തണ്ടില്‍ മുട്ടാതെ വേണം വളം കൊടുക്കാന്‍ .

വളപ്രയോഗത്തിന് ശേഷം  മണല്‍ കലര്‍ന്ന മണ്ണ് ഇട്ടു കൊടുക്കുനതും  നല്ലതാണ്. കൃത്യമായ നന റോസ് ചെടികള്‍ക്ക് ആവശ്യമാണ്‌. കീടനാശിനി / കുമിള്‍ നാശിനി 10 ദിവസത്തില്‍ ഒരിക്കല്‍ ഇലകളിലും തണ്ടുകളിലും തളിച്ച് കൊടുത്താല്‍ രോഗങ്ങള്‍ ഒഴിവാക്കാം . ഏതെങ്കിലും തണ്ടില്‍ രോഗബാധ കണ്ടാല്‍ ഉടന്‍ തന്നെ മുറിച്ചു മാറ്റുക

നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം റോസ് ചെടികള്‍ വളര്‍ത്താന്‍ . മഴക്കാലത്ത്‌ സാധാരണയായി പൂക്കളുടെ എണ്ണം കുറവായിരിക്കും . ഈ സമയത്ത് പൂര്‍ണ്ണമായി കമ്പ് കോതല്‍ നടത്തിയാല്‍  വീണ്ടും കരുത്തോടെ പുതിയ ചെടി പോലെ വളര്‍ന്നുവരും . 

മഴക്കാലം കഴിയുമ്പോള്‍ മുതല്‍  പുതിയ റോസ് ചെടികള്‍ നട്ട് തുടങ്ങാം. ഒക്ടോബര്‍ മുതല്‍ മേയ് വരെ നിറയെ പൂക്കള്‍ ലഭിക്കും . ഈ പ്രക്രിയ തുടര്‍ന്നാല്‍ കുറെ വര്‍ഷങ്ങള്‍ വീടിനു അലങ്കാരമായി റോസ് ചെടികള്‍ വളര്‍ന്നു നില്‍ക്കും .

No comments