തെങ്ങിൽ കൂടുതൽ കായ്ഫലം ഉണ്ടാകുവാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
തെങ്ങിലെ ബോറോൺ മൂലകത്തിന്റെ കുറവ് (Boron Deficiency in Coconut) തിരിച്ചറിഞ്ഞാൽ തന്നെ നല്ല രീതിയിൽ തെങ്ങിനെ സംരക്ഷിക്കാൻ പറ്റും.
തെങ്ങിന്റെ വളർച്ചയ്ക്കും നല്ല കായ് പിടുത്തത്തിനും ഏറ്റവും പ്രധാനപ്പെട്ട മൂലകമാണ് ബോറോൺ (Boron).
കേരളത്തിലെ മണൽ കലർന്ന മണ്ണിലും, അമ്ലത കൂടിയ മണ്ണിലും, കനത്ത മഴയുള്ള പ്രദേശങ്ങളിലും ബോറോണിന്റെ കുറവ് സാധാരണയായി കണ്ടുവരുന്നു. തെങ്ങിൻ പൂക്കുലയുടെ വളർച്ചയ്ക്കും കായ്കൾ വിരിയുവാനും ബോറോൺ അത്യാവശ്യമാണ്.
ബോറോണിന്റെ കുറവ് ഏറ്റവും ആദ്യം കാണുന്നത് പുതിയ ഓലകളിലാണ്. കൂമ്പ് ഓലകൾക്ക് വളർച്ച കുറയുന്നു, ചുരുണ്ടു കൂടി വളയുന്നു. ചിലപ്പോൾ ഓലയുടെ അഗ്രം ഉണങ്ങുന്നു. പുതിയ ഓലകൾക്ക് സാധാരണ വലിപ്പം ഉണ്ടാകില്ല.
ബോറോൺ കുറഞ്ഞാൽ പൂങ്കുലകൾ കരിഞ്ഞു പോകുന്നു, പൂക്കൾ കൊഴിയുന്നു. മച്ചിങ്ങ പൂർണ്ണമായും കൊഴിയുന്നു.
ബോറോൺ കുറയാനുള്ള കാരണങ്ങൾ
1. തുടർച്ചയായ കനത്ത മഴയിൽ ബോറോൺ മണ്ണിൽ നിന്ന് കഴുകി പോകുന്നു.
2. മണ്ണിൽ കുമ്മായം (Calcium) അമിതമായി ചേർക്കുന്നത്.
3. ജൈവവളത്തിന്റെ അഭാവം.
4. വരണ്ട കാലാവസ്ഥയും മണൽ മണ്ണും.
ഇതിന് പരിഹാരമായി തെങ്ങൊന്നിന് വർഷത്തിൽ 50 മുതൽ 100 ഗ്രാം വരെ ബോറോൺ / ബോറാക്സ് കൊടുക്കാംഇത് തടത്തിലെ മണ്ണുമായി കലർത്തി ഇടുക. ഇട്ടതിനു ശേഷം നനയ്ക്കണം.
കൂടുതൽ കുറവുള്ള തെങ്ങിന്, 10 ഗ്രാം ബോറാക്സ് 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കൂമ്പിലേക്ക് തളിച്ചു കൊടുക്കാം (Foliar Spray).
ശ്രദ്ധിക്കേണ്ട കാര്യം ബോറോൺ അധികമായാൽ തെങ്ങിന് വിഷമാണ്. ഒരിക്കലും ഒരു തെങ്ങിന് 200 ഗ്രാമിൽ കൂടുതൽ ഒരേ സമയം കൊടുക്കരുത്.
ജൈവവളം ഉപയോഗിക്കുന്നുവെങ്ങിൽ തെങ്ങൊന്നിന് 10-15 കിലോ വെർമികംപോസ്റ്റ് വർഷത്തിൽ ഇടുക. ഇത് മണ്ണിൽ ബോറോൺ പിടിച്ചു നിർത്താൻ സഹായിക്കും.പച്ചിലവളവും ചാണകവും ഇടുന്നതും സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യത കൂട്ടും.
തെങ്ങിൻ തടത്തിൽ തൊണ്ട്, ഓല എന്നിവ കൊണ്ട് പുതയിടുന്നത് മണ്ണിൽ ഈർപ്പം നിലനിർത്തി ബോറോൺ നഷ്ടം തടയും.
വർഷത്തിൽ ഒരിക്കൽ മണ്ണ് പരിശോധന നടത്തുക. NPK വളങ്ങൾക്കൊപ്പം വർഷത്തിൽ ഒരു തവണ സൂക്ഷ്മ മൂലക മിശ്രിതം (Micronutrient mix) നൽകുക. ജൈവവളം നിർബന്ധമായും ചേർക്കുക.
കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് 50 ഗ്രാം ബോറാക്സ് കൊടുത്താൽ തന്നെ 2-3 മാസത്തിനുള്ളിൽ പുതിയ ആരോഗ്യമുള്ള കൂമ്പോല വരുന്നതും കായ് പൊഴിച്ചിൽ നിൽക്കുന്നതും കാണാം.
#coconut

No comments